28-01-20

 🙏🌹🙏🌹🙏🌹🙏🌹🙏🌹
പ്രിയരേ....ചിത്രസാഗരം പംക്തിയിലേക്ക് ഹൃദ്യമായ സ്വാഗതം
🙏🌹🙏🌹🙏🌹🙏🌹🙏🌹
 🟪അശാന്തമായ ഈ ലോകത്ത്‌ എങ്ങനെ ശാന്തമായി ജീവിക്കും എന്ന ചിന്തയിൽ മഹേഷ് കുമാർ എന്ന സ്വന്തം പേര് തന്നെ മാറ്റിയ കലാകാരൻ ...
🟪കലയെ സാമ്പത്തിക പുരോഗതിക്കുള്ള വഴിയായി കാണാത്തതിനാൽ ജനനം മുതൽ മരണം വരെ ദരിദ്രനായി ജീവിക്കേണ്ടി വന്ന ചിത്രകാരൻ ..
🟪മുപ്പതു കൊല്ലത്തോളം ജീവിതം കലയ്ക്കായി സമർപ്പിച്ച വ്യക്തി...
🟪2018 ജനുവരി 31ന് ഹൃദയാഘാത രൂപത്തിൽ അദ്ദേഹത്തെ മരണം കവർന്നു...
കൂട്ടരേ, പറയാമോ ആരാണ് ഇദ്ദേഹമെന്ന് ...?
നമുക്കിന്ന് അടുത്തറിയാൻ ശ്രമിക്കാം അശാന്തമായ ഈ ലോകത്ത് ജീവിക്കാൻ   ശാന്തപ്രകൃതമായിട്ടും അശാന്തൻ എന്ന പേര് സ്വീകരിച്ച  ചിത്രകാരനെ... ഈ ജനുവരി 31ന് അദ്ദേഹം അന്തരിച്ചിട്ട് രണ്ടു വർഷം തികയുന്നു.....🙏🙏🙏
എറണാകുളം ജില്ലയിലെ ഇടപ്പള്ളി പീലിയാട് കുട്ടപ്പന്റെയും കുറുമ്പയുടേയും മകനായി 1968ൽ ജനിച്ചു.മഹേഷ് കുമാർ എന്നാണ് യഥാർത്ഥ പേര്.ജി.വി.എച്ച്.എസ്.എസ് ഇടപ്പള്ളിയിലായിരുന്നു വിദ്യാഭ്യാസം.പoനകാലത്തു തന്നെ ചിത്രകലയിൽ മികവു തെളിയിച്ച ഇദ്ദേഹം ചിത്രകലയിലും ശില്പകലയിലും ഡിപ്ലോമ നേടി. തുടർന്ന് അധ്യാപന രംഗത്തും കുറച്ചുകാലം ഉണ്ടായിരുന്നു. ശാന്തമായി ജീവിക്കാൻ സാധിക്കാത്ത  അശാന്തമായ ഈ ലോകത്ത് തനിക്കേറ്റവും ഇണങ്ങുക അശാന്തൻ എന്ന പേരാണെന്ന ചിന്തയിൽ മഹേഷ് കുമാർ എന്ന പേര് ഒഴിവാക്കി.
ജൻമനാടിനോട് വല്ലാത്തൊരു ആത്മബന്ധമായിരുന്നു അദ്ദേഹത്തിന്.ചിത്രകലയിൽ അമൂർത്ത സങ്കേതങ്ങൾ തേടുമ്പോഴും ഉപയോഗിക്കുമ്പോഴും തന്റെ നാടിനെയും നാട്ടറിവുകളേയും യഥാതഥമായിത്തന്നെ അദ്ദേഹം ചിത്രീകരിച്ചിരുന്നു. ധാരാളം പെൻസിൽ സ്കെച്ചുകളും അദ്ദേഹം വരച്ചിട്ടുണ്ട്.നാടൻ പാട്ടുകളുടേയും നാട്ടറിവുകളുടേയും ഒരു കലവറയായിരുന്നു അശാന്തൻ. പ്രകൃതിയെ അത്രയേറെ സ്നേഹിച്ച അശാന്തന്റെ വരകളും രചനകളും നാട്ടറിവുകളും ഉൾപ്പെടുത്തി ഒരു പുസ്തകം തയ്യാറാക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. മരണാനന്തര മാണ് ആനമയിലൊട്ടകം എന്ന ആ പുസ്തകം പുറത്തിറങ്ങിയത്.ഇതിനിടെ വേദ പഠനവും അദ്ദേഹം പൂർത്തീകരിച്ചു. തന്നെ ഇടയ്ക്കിടെ അസ്വസ്ഥമാക്കിയിരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം അവഗണിച്ചു എന്നു തന്നെ പറയാം.ചങ്ങമ്പുഴയുടെ രമണന് സ്കെച്ചുകളുടെ പണിപ്പുരയിലായിരുന്നു  അവസാന സമയത്ത് അദ്ദേഹം.
ഞാൻ വായിച്ചറിഞ്ഞതിനപ്പുറമുള്ള ആർട്ടിസ്റ്റ് അശാന്തനിലേക്ക് എത്തിച്ചേരാൻ എന്താണ് വഴിയെന്ന് ചിന്തിച്ചപ്പോഴാണ് കാട്ടിലങ്ങാടി സ്കൂളിലെ സുരേഷ് മാഷെ ഓർമ വന്നത്.സുരേഷ് മാഷ്ടെ സഹായത്താൽ ആർട്ടിസ്റ്റ് അശാന്തന്റെ സുഹൃത്തും ചിത്രകാരനുമായ  ശ്രീ. കതിരൂർ ബാലകൃഷ്ണനെ അല്പം മുമ്പ് വിളിച്ചു. അദ്ദേഹം ട്രെയിൻ യാത്രയിലായതിനാൽ ഞങ്ങളുടെ സംഭാഷണം റെക്കോഡ് ചെയ്യാൻ കഴിഞ്ഞില്ല. എങ്കിലും ആർട്ടിസ്റ്റ് അശാന്തനെക്കുറിച്ച് അറിയാനാഗ്രഹിച്ചതെല്ലാം അറിഞ്ഞു. പക്ഷേ, സമയക്കുറവുകൊണ്ട് എല്ലാം ഇവിടെ എഴുതാൻ പറ്റിയില്ല🙏🙏🙏
അശാന്തൻ മാഷ് ടെ ഭാര്യ മോളിച്ചേച്ചിയെയും വിളിച്ചു. അരമണിക്കൂറോളം ഞങ്ങൾ സംസാരിച്ചു.... റെക്കോഡിംഗിനെക്കാളുമുപരി  അദ്ദേഹത്തെക്കുറിച്ചറിയൽ മാത്രമായിരുന്നു എന്റെ ലക്ഷ്യം. കൊച്ചേ, മോളേ എന്നെല്ലാം വിളിച്ച് ആ ചേച്ചി സംസാരിച്ചപ്പോ വല്ലാത്തൊരു ആത്മബന്ധം പോലെ.. ഒമ്പത് മണിക്ക് തുടങ്ങിയ ഞങ്ങളുടെ സംസാരം ഒമ്പതര വരെ നീണ്ടു..
 
സി .ടി .തങ്കച്ചൻ അശാന്തനെക്കുറിച്ച്  എഴുതിയ ലേഖനം👇👇👇
മണ്ണുമര്യാദയുടെ അശാന്തപര്‍വ്വം - (സി.ടി.തങ്കച്ചന്‍)

〰〰〰〰〰〰〰〰
കലയും ജീവിതവും പരസ്പരം ഇഴപിരിക്കാനാവാത്ത വിധം ലയിച്ചു ചേര്‍ന്ന അപൂര്‍വ്വചിത്രമെഴുത്തുകാരനായിരുന്നു അശാന്തന്‍ – പൊതുവെ ശാന്തനായി കാണപ്പെട്ട അശാന്തന്റെ അന്തര്‍ സംഘര്‍ഷങ്ങളുടെ അടയാളമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും ചിത്രരചനയും.
മണ്ണുമായും മനുഷ്യനുമായുമുള്ള ജൈവ പരമായ അടുപ്പം അയാളുടെ കലാജീവിതത്തില്‍ ഉടനീളം കാണാം. ആധുനിക വികസന സാധ്യതകള്‍ വളഞ്ഞു പിടിക്കുന്ന തന്റെ ഗ്രാമത്തിലിരുന്ന് നമുക്ക് നഷ്ടമാവുന്ന മണ്ണുമര്യാദയെക്കുറിച്ചാണ് അയാള്‍ വ്യാകുലപ്പെട്ടത്. വികസന വഴിയില്‍ നഷ്ടമാവുന്ന തങ്ങളുടെ തൊഴിലിടത്തെയും ഭൂമിയെയും കുറിച്ചുള്ള ആകുലതകള്‍ പങ്കുവെക്കുന്ന മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമാണ് അശാന്തന്റെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവരെ അടയാളപ്പെടുത്താന്‍ മറ്റൊരു ചിത്രകാരനും ഉപയോഗിക്കാത്ത മീഡിയമായ ചാണകവും കരിയും ഇഷ്ടികപ്പൊടിയും മണ്ണും ഉപയോഗിച്ചു വരച്ച നിരവധി ചിത്രങ്ങള്‍ അശാന്തന്റെതായുണ്ട്.
കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ചിത്രരചനയുമായ് അശാന്തന്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും അകാലത്തില്‍ പൂച്ചക്കാലു വെച്ച് കടന്നു വന്ന മരണവും, അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് അശാന്തനെ കേരളത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
എറണാകുളം ജില്ലയിലെ എളമക്കരയിലെ പീലായാട് എന്ന ഗ്രാമത്തില്‍ 1968 ലാണ് അശാന്തന്‍ ജനിക്കുന്നത്. മകന് മഹേഷ് എന്നാണ് അഛനമ്മമാര്‍ പേരിട്ടതെങ്കില്‍ തനിക്ക് തിരിച്ചറിവായ കാലത്ത് മഹേഷ് അശാന്തന്‍ എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു. അശാന്തമായ ഈ ലോകത്ത് എങ്ങനെ ശാന്തമായി ജീവിക്കാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് മഹേഷ് അങ്ങനെയൊരു പേര് സ്വീകരിച്ചത്. ചിത്രംവര ജന്‍മസിദ്ധമാണെങ്കിലും സാധനയുണ്ടെങ്കിലേ നല്ല ചിത്രകാരനാവാന്‍ കഴിയൂ എന്ന് മഹേഷിനറിയാമായിരുന്നു. അങ്ങനെയാണ് അയാള്‍ എറണാകുളത്തെ ചിത്രശൈലത്തില്‍ ചിത്രകലാ പരിശീലനത്തിനെത്തുന്നത്.
ഒരു ദരിദ്ര കര്‍ഷകത്തൊഴിലാളി കുടുംബത്തിലായിരുന്നു മഹേഷിന്റെ ജനനം. ജനനം മുതല്‍ ദാരിദ്യം ഇയാളുടെ തോഴനായിരുന്നു. ആ സൗഹൃദം മരണം വരെ തുടര്‍ന്നു. ചിത്രകലയിലും ശില്‍പ്പകലയിലും ഡിപ്ലോമ നേടിയിരുന്നെങ്കിലും അതൊന്നും ജീവിതായോധനത്തിന് അശാന്തന്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല. ചിത്ര-ശില്‍പ രചനയോടൊപ്പം നാടന്‍ പാട്ടുകളെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ക്കും അശാന്തന്‍ സമയം കണ്ടെത്തിയിരുന്നു. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ജൈവസമ്പത്തിനെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചുമുള്ള അന്വേഷങ്ങള്‍ക്കൊടുവിലാണ് മണ്ണുമര്യാദ എന്ന പേരില്‍ അശാന്തന്‍ ഒരു പുസ്തകം രചിക്കുന്നത്. അതിന്റെ കൈയ്യഴുത്ത് പൂര്‍ത്തിയായതിനു ശേഷമാണ് അശാന്തന്റെ വേര്‍പാട്.
ഇന്ന് ഇന്ത്യയിലെത്തന്നെ ആര്‍ട്ട് ഹബ്ബായി മാറി എന്ന് അവകാശപ്പെടുന്ന കൊച്ചിയിലാണ് അശാന്തന്‍ എന്ന ചിത്രകാരന്‍ കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം ചിത്രമെഴുതിയും ശില്‍പ്പങ്ങള്‍ മെനഞ്ഞും ജീവിച്ചത്.
ചിത്രരചന മാത്രം നടത്തി ഒരാള്‍ക്ക് ജീവിക്കാനാവില്ല എന്നതിന്റെ സാക്ഷിയാണ് അശാന്തന്‍. മരിക്കുമ്പോള്‍ സ്വന്തമായി ഒരു നല്ല വീടുപോലും ഈ ചിത്രകാരനില്ലായിരുന്നു. ജീര്‍ണ്ണിച്ച ഒരു കുടിലില്‍ ചോര്‍ച്ച തടഞ്ഞു നിര്‍ത്താന്‍ മേല്‍ക്കുരയില്‍ നീല തര്‍പ്പായ വിരിച്ച വീട്ടിലാണ് മൃതശരീരം അന്ത്യകര്‍മ്മങ്ങള്‍ക്കായി കിടത്തിയിരുന്നത്.
മലയാളത്തിലെ ഒരു പത്രം അതിന്റെ ചാരിറ്റിയുടെ ഭാഗമായി കേരളത്തിലെ ഒരു നിര്‍ധനനായ ചിത്രകാരന് വിടുവെച്ചു നല്‍കാനുള്ള താല്‍പ്പര്യം കേരള ലളിതകലാ അക്കാദമിയെ അറിയിച്ചിരുന്നു. ഏറ്റവും അര്‍ഹനായ ചിത്രകാരനെ അന്വേഷിച്ചപ്പോള്‍ അശാന്തന്റെ പേരാണ് അക്കാദമിയില്‍ ഉയര്‍ന്നു വന്നത്. രണ്ടു തവണ കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡും 2015 ല്‍ സി.എന്‍ കരുണാകരന്‍ സ്മാരക ചിത്രകലാപുരസ്‌കാരവും 2017 ല്‍ സിദ്ധാര്‍ത്ഥന്‍ ഫൗണ്ടേഷന്‍ അവാര്‍ഡും നേടിയ അശാന്തനോളം അര്‍ഹനായ മറ്റൊരു ചിത്രകാരനെ കണ്ടെത്താന്‍ അക്കാദമിക്കായില്ല.
ബഹുമതികൾ
🌐🌐🌐🌐🌐🌐
🟪 1998,99, 2007 വർഷങ്ങളിൽ കേരള ലളിതകല അക്കാദമി പുരസ്കാരം
🟪 സി.എൻ.കരുണാകരൻ പുരസ്കാരം
🟪 കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷൻ പുരസ്കാരം
അശാന്തൻ മാഷ് ടെ മരണവാർത്ത (മാധ്യമം പത്രം)

https://web.archive.org/web/20180131133147/http://www.madhyamam.com/kerala/painter-asanthan-dies-kerala-news/2018/jan/31/419618
 
https://youtu.be/PP4gnnoUh9E
അശാന്തൻ മാഷ് മരണത്തിന് ദിവസങ്ങൾക്കു മുമ്പ് ഒരു ക്യാമ്പിൽ വെച്ചു പാടിയ പാട്ട് എന്ന പേരിലാണ് ഈ പാട്ട് യൂട്യൂബിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ, വാസ്തവം അതല്ല എന്നാണ് മോളിച്ചേച്ചി പറഞ്ഞത്. പിടലിക്ക് ചെറിയ ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന മാഷെ കാണാൻ ചില സുഹൃത്തുക്കൾ വന്നപ്പോൾ അവരുടെ മുമ്പിൽ വെച്ച് പാടിയ പാട്ടാണിത്.
https://youtu.be/3RnCIuWmsa0
https://youtu.be/3zwoqWVzOQ8

മാഷും ചിത്രങ്ങളും



പെൻസിൽ സ്കെച്ച്

ഒരു അമൂർത്ത ചിത്രം


ആർട്ടീരിയ പ്രൊജക്ടിന്റെ ഭാഗമായി അശാന്തൻ മാഷ് വരച്ച ചിത്രം - തന്റെ നാട്


2016ൽ തുടങ്ങിയ മാഷ് ടെ ഒരാഗ്രഹം - താൻ ശേഖരിച്ച, കണ്ടെത്തിയ നാട്ടറിവുകളും പാട്ടുകളും ചിത്രങ്ങളും എല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകം - ആ ആഗ്രഹം സഫലമായത് കാണാൻ മാഷിന് കഴിഞ്ഞില്ല .മാഷ് ടെ മരണാനന്തരമാണ് ആ പുസ്തകം - ആനമയിലൊട്ടകം പ്രസിദ്ധീകൃതമായത്.
പുസ്തക പ്രസിദ്ധീകരണത്തിന്റെ ക്ഷണക്കത്ത്👇👇👇
https://www.cinemapopcorn.in/2019/04/11/asanthan-book-release/

ഈ പുസ്തകത്തെക്കുറിച്ച്‌ അശാന്തൻ മാഷ് ടെ ഭാര്യ ഞങ്ങളുടെ സംഭാഷണ മധ്യേ പറഞ്ഞ ചില കാര്യങ്ങൾ👇👇
 
മാഷ് ടെ ഒരാഗ്രഹമായിരുന്നു വരും തലമുറയ്ക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ തന്റെ സൃഷ്ടികൾ ചേർത്ത് പ്രസിദ്ധീകരിക്കുക... മരണത്തിന് ഏതാനും നാൾ മുമ്പും അദ്ദേഹം ഇക്കാര്യം തന്റെ ഭാര്യയോട് പറഞ്ഞിരുന്നു. പൊടുന്നനെ വിരുന്നെത്തിയ തന്റെ പ്രിയ ഭർത്താവിന്റെ മരണം മോളിച്ചേച്ചിയെ തളർത്തിയപ്പോഴും അദ്ദേഹത്തിന്റെ ആഗ്രഹം എങ്ങനെയെങ്കിലും സഫലീകരിക്കണം എന്നായി ചേച്ചിയുടെ ചിന്ത. കൂനിൻമേൽ കുരു എന്ന പോലെ അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കത്തിൽ ചേച്ചിക്ക് ക്യാമ്പിലേക്ക് പോകേണ്ടതായി വന്നു. അപ്പോഴും ചേച്ചി തന്റെ കയ്യിൽ ഭദ്രമായി പൊതിഞ്ഞ് ചേർത്തു പിടിച്ചത് അശാന്തൻ മാഷ് ടെ സൃഷ്ടികളായിരുന്നു. ക്യാമ്പും വെള്ള ഭീഷണിയിലാകുമോ എന്നുള്ള ശങ്കയാൽ ചേച്ചി ആ വലിയ കെട്ട് തനിക്കറിയുന്ന ഒരു ഹിന്ദിക്കാരന്റെ ഇരുനില വീട്ടിന്റെ മുകളിലെ നിലയിൽ ഭദ്രമായി എത്തിച്ചു.ഈ വെള്ളപ്പൊക്കത്തിൽ തനിക്കെന്തെങ്കിലും ആപത്ത് സംഭവിച്ചാൽ താനെത്തിച്ച പൊതിക്കെട്ടിലെ പേപ്പറുകൾ ഒരു പുസ്തകമാക്കി മാറ്റണേ എന്ന് അറിയുന്ന ഭാഷയിൽ ആ ഹിന്ദിക്കാരനോട് ചേച്ചി അഭ്യർത്ഥിച്ചു.കൂട്ടത്തിൽ മാഷ് ടെ അടുത്ത സുഹൃത്തുക്കളുടെ നമ്പറും നൽകി.
     വെളളപ്പൊക്കം ശാന്തമായപ്പോൾ ആ ഹിന്ദിക്കാരൻ ചേച്ചിക്ക് പൊതിക്കെട്ട് തിരികെ നൽകി. പിന്നീട് പുസ്തക പ്രസിദ്ധീകരണമായിരുന്നു ചേച്ചിയുടെ ലക്ഷ്യം.ഇതിനായി ഹരിദാസ് എന്ന അശാന്തൻ മാഷ്ടെ കൂട്ടുകാരന്റെ നേതൃത്വത്തിൽ നീക്കം നടക്കുകയും പുസ്തക രൂപത്തിൽ ആക്കുകയും ചെയ്തു. അപ്പോഴാണ് പുസ്തകത്തിന്റെ പേരിനെ കുറിച്ച് ചർച്ച വന്നത്. എന്നെ പെറ്റ മണ്ണേ എന്നായിരുന്നു പേരിനെക്കുറിച്ച് അശാന്ത് മാഷ് തന്റെ മരണത്തിനു മുമ്പ് സൂചന നൽകിയിരുന്നത്. പക്ഷെ, പിന്നീടുള്ള ചർച്ചയിൽ അതേ പുസ്തകത്തിൽ തലക്കെട്ടായി കൊടുത്ത ഒരു പേര് ആനമയിലൊട്ടകം പുസ്തകത്തിന്റെ പേരായി മാറുകയും ചെയ്തു.

ജനുവരി 31ന് മോളിച്ചേച്ചി തന്റെ ചായക്കടയിൽ വെച്ചു നടത്തുന്ന അശാന്തൻ അനുസ്മരണ ചടങ്ങിലേക്ക്  ക്ഷണിച്ചിട്ടുണ്ട്. അന്ന് പോകാൻ കഴിയില്ലെങ്കിലും അതുവഴി പോകുമ്പോൾ ചേച്ചിയെ വിളിക്കാമെന്നും കടയിലേക്ക് വരാമെന്നും വാക്കു കൊടുത്തിട്ടുണ്ട് ...
കലാകാരന്റെ ഭാര്യ എന്ന നിലയിൽ അഭിമാനിക്കുന്ന... പറയുന്ന ഓരോ വാക്കിലും ഭർതൃസ്നേഹം നിറയുന്ന... അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനിൽക്കാൻ തന്റെ കഴിവിനപ്പുറം ചെയ്യുന്ന മോളിച്ചേച്ചിയോട് സംസാരിക്കാൻ കഴിഞ്ഞതാണ് ഇന്നത്തെ ചിത്ര സാഗരം തയ്യാറാക്കിയപ്പോൾ എനിക്ക് ലഭിച്ച ഭാഗ്യവും തൃപ്തിയും🙏🙏
പ്രിയരേ, ഇന്നത്തെ ചിത്ര സാഗരത്തിൽ എനിക്കറിയാൻ കഴിഞ്ഞ എല്ലാം പകർത്താൻ സമയക്കുറവിനാലും മറ്റു ചില കാരണങ്ങളാലും കഴിഞ്ഞിട്ടില്ല....